index

12/10/09

ഒരു മുസ്ലീം നാമധാരിയുടെ കുറിപ്പുകള്‍.

മുസ്ലീം നാമധാരി എന്നതുകൊണ്ടുമാത്രം ഒരാള്‍ തന്‍റെ രാജ്യ സ്നേഹവും മതേതരത്വവും സദാ തുറന്നുവെക്കാന്‍ അഥവാ പ്രകടിപ്പിച്ചുകൊണ്ടിരിക്കാന്‍ ബാധ്യസ്ഥനായിരിക്കുന്നു. ഈ ബാധ്യത ഒരുതരം ഗതികേട് തന്നെ. കയ്യില്‍ ചരടുകള്‍ കെട്ടിയോ, കഴുത്തില്‍ മാലയിട്ടോ ഇത് പ്രകടിപ്പിക്കാവുന്നതാണ്.
മുംബൈ ആക്രമണത്തിനെത്തിയ മുസ്ലീം തീവ്രവാദികള്‍ പ്രഥമദൃഷ്ട്യാ സംശയം തോന്നാതിരിക്കാന്‍ കയ്യില്‍ ചരട് കെട്ടിയിരുന്നത് ഓര്‍മ്മിക്കുക. ഭാരതീയന്‍റെ യഥാര്‍ത്ഥ അടയാളം ചരടാണെന്ന് ചില രാജ്യങ്ങളെങ്കിലും തിരിച്ചറിഞ്ഞതാകാം തീവ്രവാദികളിലൂടെ പ്രകടമായത്.

.....     .....     .....

മുസ്ലീം നാമധാരിയായ ഒരു സുഹൃത്ത്, നരഹത്യയെപറ്റി മിണ്ടാതെ ഗുജറാത്ത് വികസനത്തെ പുകഴ്ത്തി പറയുന്നത് ഈ വിധം തന്‍റെ സെക്കുലറിസം വെളിപ്പെടുത്താന്‍ ആണെന്ന് തുറന്നു സമ്മതിച്ചു. ഭയത്തില്‍ നിന്നും രൂപപ്പെടുന്ന ഇത്തരം സെക്കുലറിസം  നാട്ടിലൊക്കെ രൂപപ്പെടുന്നുണ്ട്. കക്ഷി ഇപ്പോള്‍ അതിരാവിലെ ഉണര്‍ന്ന് എം.എസ്. സുബ്ബ ലക്ഷ്മിയുടെ സുപ്രഭാതം കേള്‍ക്കുന്നു. എന്നിട്ടേ മാപ്പിള പാട്ടുകള്‍ കേള്‍ക്കൂ. മണ്ഡലകാലത്ത് പ്യൂര്‍ വെജിറ്റെറിയന്‍. അതുകഴിഞ്ഞേ പോത്തിറച്ചി വീണ്ടും ഭുജിക്കൂ. ഇത്രയെങ്കിലുമൊക്കെ ചെയ്യാന്‍ സാധിക്കുന്നതില്‍ കൃതാര്‍ത്ഥന്‍ ആണ് കക്ഷി.


.....     .....     .....

ഒരു അന്ധന്‍ ആനയെ വിവരിക്കുമ്പോലെയാണ് ലിബര്‍ ഹാന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് എന്നാണ് ഹൈന്ദവ രാഷ്ട്രീയം ഇപ്പോള്‍ പറയുന്നത്. വാസ്തവത്തില്‍ ലിബര്‍ ഹാന്‍റെ കുറ്റാന്വേഷണ കഥ ഒരു ഗുണപാഠവും ആരെയും പഠിപ്പിക്കുന്നില്ല. ഒരു പൊളിറ്റിക്കള്‍ കമ്പോസ്റ്റ് അല്ലാതെ അത് മറ്റെന്താണ്? ചിരിക്കാന്‍ അറിയാഞ്ഞിട്ടുകൂടി ഇപ്പോള്‍  ആ മുന്‍ പ്രധാന മന്ത്രിയെ ഓര്‍ത്ത്‌ പോകുന്നു. അഹൈന്ദവ വിരുദ്ധ വ്യാജ ദേശീയതയും ബാബരിപ്പള്ളിയും ഒന്നും ഇല്ലാത്ത സ്വര്‍ഗ്ഗരാജ്യത്ത് എവിടെയോ ആണ് അദ്ദേഹം ഇപ്പോഴുള്ളതെങ്കിലും മരണാനന്തര ചര്‍ച്ചയില്‍ ഈ നരകത്തിലും  സജീവമാണ് അദ്ദേഹം.

.....     .....     .....

നെറ്റിയില്‍ മതേതരത്വം എന്ന കള്ളലേബല്‍ ഒട്ടിച്ച ഒരു പ്രസ്ഥാനം രാജ്യം ഭരിക്കുമ്പോള്‍, ഇന്ദ്രപ്രസ്ഥത്തിനു വിളിപ്പാടകലെ തര്‍ക്കമന്ദിരം തകരുകയായിരുന്നു. തര്‍ക്കമന്ദിരം എന്ന് പറയരുത്; ബാബറി മസ്ജിദ് എന്ന് വിളിക്കണം എന്ന് പറഞ്ഞത് പോളിറ്റ് ബ്യൂറോയിലെ പ്രഥമ വനിതാ മെമ്പര്‍.

.....     .....     .....

"ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ" എന്ന് രാജ്യ വ്യാപകമായി ചുവരുകളില്‍ എഴുതി നിറച്ച് ഹൈന്ദവ സമൂഹത്തെ ചൊടിപ്പിച്ചിട്ടുണ്ട് പണ്ടൊരു മുസ്ലിം സംഘടന. പള്ളി പൊളിഞ്ഞ ഡിസംബര്‍ ആറിനും മുമ്പത്തെ കഥയാണ്‌. അങ്ങനെ ഒരു വിഡ്ഢി വിചാരം ചുവരുകളില്‍ എഴുതി പിടിപ്പിച്ചവര്‍ക്ക് തന്നെ അറിയാമായിരുന്നു, അതൊരു ജലരേഖ ആണെന്ന്. അതുകൊണ്ടാണ് ചൊടിപ്പിക്കുക എന്ന് എഴുതിയത്. തുടര്‍ന്നാണ്‌ " ഭാരതം ഹിന്ദു രാഷ്ട്രമാണ്..." എന്ന പ്രഖ്യാപനം ഇന്ത്യന്‍ ചുവരുകളില്‍ നിറഞ്ഞത്‌. വാസ്തവത്തില്‍ ഈ എഴുത്തുകള്‍ ചുവരില്‍ തന്നെ ഒതുക്കി നിര്‍ത്തി രാജ്യത്തിന്‍റെ പൊതു ബോധം. ഹിന്ദു ഭൂരിപക്ഷത്തിലെ ഭൂരിപക്ഷവും മറ്റു ന്യൂനപക്ഷ വിഭാഗങ്ങളിലെ ഭൂരിപക്ഷവും ആണ് ഈ പൊതുബോധം നിലനിര്‍ത്തുന്നത്. ഈ പൊതു ബോധമാണ് ഏറ്റവും ശക്തിയാര്‍ജ്ജിക്കേണ്ടത്. ലോകത്തിനു മുന്നില്‍ ഭാരതം ശക്തമാകുമ്പോഴും രാജ്യത്തിനകത്തെ ഈ പൊതു ബോധം നിലനിര്‍ത്താനും ശക്തിപ്പെടുത്താനും മുന്തിയ പരിഗണന ആവശ്യമാണ്. അകം തകര്‍ന്നിട്ട് പുറം ശക്തിപ്പെട്ടതുകൊണ്ട് എന്ത് പ്രയോജനം?

.....     .....     .....

കയ്യില്‍ യഥാര്‍ത്ഥ ചരട് കെട്ടിയ സുഹൃത്തിനോട് , വിഭജനം നമുക്ക് നഷ്ടമാക്കിയ സംഗീത പ്രതിഭകളില്‍ നയ്യാര നൂര്‍ എന്ന ആലാപന വിസ്മയത്തെ പറ്റി അവരുടെ ഒരു ഗസല്‍ കേള്‍ക്കവേ പറഞ്ഞപ്പോള്‍, താങ്കള്‍ക്കെന്താ ലതാജിയുടെ ആലാപനം മതിയാകില്ലേ എന്ന് ചോദിച്ച് എന്നില്‍ നിലവിലുള്ള മതേതര ബോധത്തെ ലജ്ജിപ്പിച്ചു ആ സുഹൃത്ത്.

.....     .....     .....